Arun Gopinath

Discover with Arun Gopinathan: Tech, Photography, and Everything in Between

എങ്ങനെ ഞാൻ ഡയറി എഴുതിത്തുടങ്ങി ?

2020-02-28


ഇതിപ്പോ എന്താ കഥ ഒരു ഡയറി എഴുതുന്നത് ഇപ്പൊ വല്യ കാര്യം ആണോ? എന്നാൽ കാര്യം നിസ്സാരമല്ല . ഒന്നാമത്തെ കാര്യം ഇക്കണ്ട വർഷങ്ങൾ ഡയറി എഴുത്തു ശീലം ഇല്ല എന്നത് തന്നെ . ശീലങ്ങൾ തുടങ്ങാൻ എളുപ്പമാണ് പലപ്പോഴും . എന്നാൽ ആ ശീലങ്ങൾ ഒരു ദിനചര്യ ആക്കി മാറ്റാൻ നമ്മൾ ഒന്ന് മെനക്കെടേണ്ടി വരും .അപ്പൊ പറഞ്ഞു വന്നത് ഡയറി എഴുതുന്ന കാര്യം . നാട്ടിലുള്ളോരൊക്കെ പുതിയ വർഷത്തെ എതിരേൽക്കാൻ ഓരോ “resolution” എടുത്തിട്ടുണ്ടല്ലോ എന്നാൽ എനിക്കും വേണം എന്നായി ഞാനും . ഇത് വളരെ വര്ഷങ്ങള്ക്കു മുന്നേ തുടങ്ങിയ ചിന്തയാണ് . എന്റെ സ്വപ്നം സാഫല്യമാക്കാൻ ഇത്രെയും കലാം തടസ്സം നിന്ന രണ്ടുപേരിൽ ഒരാൾ എന്റെ “മടി " തന്നെ എന്നാൽ കുറ്റകരമാവണം മാലോകരെ അതായതു സാധാരണ മനുഷ്യരെ ഡയറി എഴുതാൻ പ്രേരിപ്പിക്കാത്തതു ഡയറി പബ്ലിഷേഴ്സ് ആണ് .നാട്ടിൽ ഡയറി വിതരണം രണ്ടു വഴിയെയാണ് നടക്കാറ് .

  1. “Free” ആയി ഓസിനു എവിടെന്നെലും കിട്ടുന്നത് ( society, govt. office, അങ്ങനെ എവിടെന്നെലും ).
  2. വേറെ വഴി ഇല്ല പൈസ കൊടുത്തു കടയിൽ നിന്ന് വാങ്ങുക.

ഒന്നാമത്തെ ടൈപ്പ് ഡയറി ആണ് പൊതുവെ എല്ലാര്ക്കും ഇഷ്ടം , കാരണം അത് “free” ആണല്ലോ . എന്നാൽ കുഴപ്പം എന്താണെന്ന് വച്ചാൽ ഇവ സമയത്തിന് കിട്ടില്ല . സമയത്തിന് കിട്ടിയില്ലേൽ എഴുത്തു തുടങ്ങാൻ പറ്റില്ല, എഴുത്തു തുടങ്ങിയില്ലേൽ “resolution” പോയില്ലേ !. അങ്ങനെ നാട്ടിലെ പലരടേം ഡയറി എഴുത്തു മുളയിലേ നുള്ളിയെന്നത് ഒരു പകൽ സത്യം തന്നെയാണ് . ഇനി രണ്ടാമത്തെ ടൈപ്പ് ഡയറി പൈസ കൊടുത്താലേ കിട്ടു അവിടെ സമയം ഒരു വിഷയമല്ല . കയ്യിൽ പൈസയും എഴുതണം എന്ന വിചാരവും വന്നാൽ മതി ബാക്കി ഒക്കെ താനേ നടന്നോളും . പക്ഷെ ചുമ്മാ അതും ഇതും എഴുതാൻ വേണ്ടി എന്തിനാണപ്പ ഈ പൈസ കളയുന്നത് എന്ന് ഉപബോധ മനസിന്റെയോ അതോ ഉള്ളിലെ പിശുക്കന്റെയോ വിളി അപ്പോഴാണ് വരുന്നത് .

അങ്ങനെ ഇങ്ങനെ വർഷങ്ങൾ കടന്നുപ്പോയി അപ്പോഴായാണ് കാര്യങ്ങളൊക്കെ തഞ്ചത്തിൽ ഒത്തു വന്നത് . കൂട്ടുകാരൻ ശിവന്റെ കയ്യിൽ ഒരു അടിപൊളി ഡയറി ഉണ്ട് എന്ന് കേട്ട പാടെ ഞാൻ എന്റെ മനോവിഷമം അവനെ ബോധ്യപ്പെടുത്തി ആ ഡയറി സ്വന്തമാക്കി തൃശ്ശൂരിലും വേഗത്തിൽ . ഈ സംഭവം നടക്കുന്നത് ഡിസംബർ അവസാന ആഴ്ചയിൽ ആണ് . ഇനി ഞാൻ എന്നോട് എന്ത് ഒഴിവു പറയും പെട്ടില്ലേ . ഒടുവിൽ ഞാൻ രാഹു കേതു ഒന്നും നോക്കിയില്ലേലും ജനുവരി ഒന്നിന് തന്നെ എഴുതാം എന്ന് തീരുമാനിച്ചു .

അങ്ങനെ ഒന്നാം തിയതി വൈകിട്ട് ഡയറി തുറന്നു പുത്തൻ പേപ്പറിന്റെ ചന്തം നോക്കി ഹീറോ പേനയിൽ camel മഷിയും നിറച്ചു എന്റെ മനസ്സ് തുറന്നു . സത്യം പറയാമല്ലോ ഉള്ളില്ലേ കാര്യങ്ങൾ ഒക്കെ എഴുതുമ്പോ വല്ലാത്തൊരു മനസമാധാനം തന്നെയാണ് . രണ്ടു മാസം പിന്നിടുമ്പോ ഡയറി എഴുത്തു എന്തുകൊണ്ട് മുൻപേ തുടങ്ങിയില്ല എന്നൊരു ചോദ്യം ബാക്കി (ഉത്തരം മുകളിലുണ്ട് ).