രണ്ടു കാക്കകൾ
2020-03-10
ഇൻഡ്യയിൽ രണ്ടു തരം കാക്കകൾ ആണ് പൊതുവേ കാണാറ്.
- House crow (Corvus splendens)
- Jungle Crow (Corvus culminatus)
കാണാനും ഇവർക്ക് ചില സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്. ചുരുക്കി പറഞ്ഞാൽ ഒന്നു ഫ്രീക്ക് മറ്റേത് മൊട്ട. ഇതിൽ ഒന്നാമത്തെ കൂട്ടരാണ് ഈ കഥയിൽ ഉള്ളത് .
സംഭവം നടക്കുന്നത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ആണ് എനിക്ക് വെളുപ്പിനു എണീറ്റ് ഓടിയാൽ കൊള്ളാമെന്നും അങ്ങനെ ചെയ്താൽ എന്റെ ആരോഗ്യം ഒക്കെ കൂട്ടിക്കളയാം എന്നും തോന്നിയത്. തീർത്തും നല്ലൊരു ആശയം തന്നെ. അങ്ങനെ ഒന്നു രണ്ടു ആഴ്ചത്തെ കഠിനമായ പരിശ്രമഫലമായി ഞാൻ വെളുപ്പിനു കേൾക്കുന്ന അലാറം ഓഫ് ആക്കാതിരിക്കൻ പഠിച്ചു. അതിന് ശേഷം മടിയോടെ ആണെങ്കിലും ഞാൻ ഒന്നു ഓടി തുടങ്ങി . അങ്ങനെ ചുമ്മാ ഓടിയിട്ടൊന്നും കാര്യം ഇല്ല വ്യായാമം ആണ് മെയിൻ എന്നു പറഞ്ഞത് youtube ലെ ചേട്ടന്മാർ ആണ്. അങ്ങനെ ഞാൻ ഒരു തടിയൻ ഉരുളൻ തടിക്കമ്പ് മുറ്റത്ത് നിന്ന് രണ്ടു പെരുമരത്തിന്റെ ഇടയിൽ ഫിറ്റ് ആക്കിയത് . ഒന്നു രണ്ടു ദിവസം കലാപരിപാടികളും കസർത്തുകളും നന്നായി നടന്നു . സംഭവങ്ങൾ പെട്ടന്നാണ് മാറിമറിഞ്ഞത്.
നേരം വെളുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങിയ പാടേ ദാ വരുന്നു ചിന്നം പിന്നം കാക്കകൾ. സൈറൻ കണക്കെ ആണ് അവറ്റകളുടെ ശബ്ദം . അവരുടെ ലക്ഷ്യം എന്റെ കുഞ്ഞു തലയാണ് . ഇതിപ്പൊ എന്താ കൂത്ത് ! ഇവർ എന്തിനാണ് എന്റെ പിറകെ വരുന്നത്. ഇനി വീട്ടിലെ എല്ലാരേയും ഇത്തരത്തിൽ ആക്രമിക്കുന്നതിൽ ഇവർ ആനന്ദം കണ്ടെത്തുന്നുണ്ടൊ? സംശയം ന്യായമാണല്ലൊ . ഇല്ല, അവർക്ക് പ്രശ്നം ഒന്നും തന്നെ ഇല്ല. അങ്ങനെ ഒളിച്ചും പാത്തും ഞാൻ ആ സത്യം കണ്ടുപിടിച്ചു. എന്റെ കസർത്തിനു മേലെ അവിടെ അവർക്ക് ഒരു കുഞ്ഞു കൂട് ഉണ്ട്. ദിവസും ഉള്ള എന്റെ കസർത്തു അവർക്ക് ഒരു ഭൂമികുലുക്കം ആയി തോന്നിയിട്ടുണ്ടാകാം . അങ്ങനൊരു വിപത്തിന് കാരണം ഞാൻ ആണെന്ന് അവർക്ക് മനസിലായിട്ടുണ്ടാകണം.പ്രായം കൊണ്ട് ഞാനാല്ലൊ മുതിർന്നത് അതുകൊണ്ട് തന്നെ ഞാൻ തോൽവി സമ്മതിച്ചു . കസർത്തു നിറുത്തി… പതിയെ ഒട്ടവും ( അതാണല്ലോ നാട്ടു നടപ്പ് : ഓരോരോ കാരണങ്ങൾ അല്ലാതെന്തു ).
ഞാൻ കസർത്തു നിറുത്തിയെങ്കിലും അവരുടെ പരാക്രമം മാസങ്ങൾ നീണ്ടു ( ഒരു ഓണവും ക്രിസ്തുമസ്സും ) . ഞാൻ പുറത്തിറങ്ങതും നോക്കിയിരിക്കുന്നത് അവർ പ്രധാന തൊഴിലായി മാറ്റിയിരിക്കുകയാണു. എങ്കിലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ. പതിയെ അവർ എന്റെ തെറ്റിന് മാപ്പ് നൽകിയിരിക്കുന്നു .ഇപ്പോൾ അവർ എന്നെ കണ്ടതായി നടിക്കാറില്ല . കാരണം അവർ ഇപ്പൊ തിരക്കിലാണ് .
ഒരു ഫീൽ ഗൂഡ് മൂവി പോലെ ഇപ്പോൾ രണ്ടു കുഞ്ഞു കാക്കൾ കൂടെയായി അവർക്ക്. ഇനി നിന്ന് പോയ ഓട്ടം കൂടി തുടങ്ങണം . പിന്നെ കസർത്തിനു മറ്റൊരിടവും .