Arun Gopinath

Discover with Arun Gopinathan: Tech, Photography, and Everything in Between

പൂവാർ ഉയർത്തുന്ന ചോദ്യങ്ങൾ

Arun Gopinath / 2020-11-06


കൊറോണ മഹാമാരി ഇവിടൊക്കെ കുടിയേറിയ ശേഷം യാത്രകൾ ഒരു അലങ്കാരം മാത്രമായി പോയോ എന്ന് സംശയം പലരും പറയാതെ പറയുന്നുണ്ട്. ഒരേ സമയം ചിലവും ആരോഗ്യവും മോശമാക്കി ഒരു യാത്ര അത്ര നല്ല തീരുമാനവും അല്ല. എങ്കിലും ഒരു ചെറു യാത്ര നൽകുന്ന ഉന്‍മേഷവും സന്തോഷവും പകരം നൽകാൻ എന്തുണ്ട്. ഇത്തരം സായാന്ഹ യാത്രകൾ നമുക്ക് വളരെ പ്രിയമാകുന്നതും അതുകൊണ്ടാണല്ലോ .

നെയ്യാറ്റിൻകരയിൽ നിന്നും ഒരു മണിക്കൂറിൽ താഴെ മാത്രം യാത്ര വേണ്ടിവരുന്ന ഒരു കടപ്പുറമാണ് പൂവാർ. നദിയും കടലും ഒന്നിക്കുന്ന പൊഴി ഇതിനടുത്തുള്ള പൊഴിയൂര്‍ർ എന്ന് സ്ഥലത്താണ്. ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനം ഒരു ജീവണമാർഗം ആയി കണ്ടു മുന്നോട്ട് പോകുന്നു. കൊറോണ ഏറ്റവും ആദ്യം നേരിട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ആദ്യം lockdown, പിന്നെ രോഗം, ശരിക്കും ജനങ്ങളുടെ ക്ഷമ നശിച്ച് പലപ്പോഴും തെരുവിൽ സമരം നടത്തുന്ന അവസ്ഥ ഇടക്കുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയെങ്കിലും, എന്താണ് അവിടെയുള്ള അവസ്ഥ എന്നറിയില്ല. അതുകൊണ്ട് തന്നെ അവിടെ യാത്ര പോകാൻ ഒരു മടി ഉള്ളിൽ ഇപ്പോഴും ഉണ്ട്.

പെട്ടെന്നു പോകണം എന്ന് തോന്നി. ബൈക്കിൽ തന്നെ ഞാനും സഹചാരി അഖിലേഷും നേരെ പൂവാർ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ജനജീവിതം പഴയ പോലെ അല്ലെങ്കിലും അതിനോട് അടുതുകൊണ്ടിരിക്കുന്നു. റോഡ് നല്ലതായത്തിനാൽ മാപ്പിലെ സമയവും നമ്മുടെ യാത്രയും തല്ലു കൂടാതെ എത്തി. അവിടെ മീനും ഫുട്ബോളും നെഞ്ചേറ്റിയ ഒരു ജനതയുണ്ട്. രണ്ടും എത്തിയ പാടെ കാണാനും കഴിയുന്നുണ്ട്. യുവാക്കള്‍ൾ ഫുട്ബോൾ കളിക്കുന്നു. മുതിർന്നവർ വലയും വെള്ളവുമായി ഇരിക്കുന്നു. സൂര്യൻ ചക്രവാളം തൊടാൻ വെമ്പുന്നു. കൊറോണ വരുന്നതിന് മുൻപേ എങ്ങനെ ഒരു കടലോര ഗ്രാമം നിങ്ങൾ സങ്കൽപ്പിക്കുന്നുവോ, അത് ഇവിടെ ഉണ്ട്. മനോഹരമായ വളരെ നീണ്ടു കിടക്കുന്ന മണൽ പരപ്പാണ് ഇവിടം. ഈ കടപ്പുറം അങ്ങ് വിഴിഞ്ഞം വരെ നീണ്ടു നിവർന്നു കിടക്കുന്നു. ഇടയ്ക്ക് ആഴിമല എന്നൊരു മനോഹര ക്ഷേത്രവും, കടപ്പുറവും ഉണ്ട്.

വളരെ തിങ്ങി നിറഞ്ഞു ജനവാസം ഉള്ള ഒരു സ്ഥലം കൂടിയാണ് പൂവാർ. എന്തുകൊണ്ട് ഇവിടെ കോവിഡ് പടർന്നു എന്നതിന് വേറെ സൂചകം നോക്കേണ്ടതില്ല. മത്സ്യ തൊഴിലാളികൾ ആഴക്കടലിൽ മറ്റു സംസ്ഥാനക്കാരുമായും ജില്ലക്കാരുമായി ഇടപെടുന്നത് സ്വാഭാവികം.അവർ തിരിച്ച് വരുമ്പോൾ കോറോണയുമായി വന്നിട്ടുണ്ടായിരിക്കാം.

action

boat

കുറേ നേരം കടൽപ്പുറവും സൂര്യനെയും തിരമാലയെയും നോക്കി നിന്നു. കടലിന്റെ മക്കൾ കടലിലേക്ക് തങ്ങളുടെ വള്ളം ഇറക്കുന്നത് കാണേണ്ട കാഴ്ച തന്നെ . പക്ഷേ കാഴ്ചക്കാരന്റെ ദൃഷ്ടി ചുറ്റിലും അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളിൽ ഉടക്കി നിൽക്കും. നമ്മൾ കടലിനു കൊടുത്ത എല്ലാ മാലിന്യങ്ങളും ഒന്നൊഴിയാതെ വാശിക്ക് തിരികെ കൊണ്ടിട്ടിരിക്കുകയാണ് അവിടം മുഴുവനും . അതിനിടയിൽ കളിച്ചുകൊണ്ട് കടലിന്റെ കുഞ്ഞു മക്കൾ. നമ്മുടെ നാടിന്റെ അധഃപതനം തന്നെ അല്ലേ ഇത് ?

tractor

ചുറ്റിലും മനുഷ്യർ, മാസ്ക് വയ്ക്കാത്ത മനുഷ്യർ! ഒരു കുഞ്ഞു പോലും ഇവിടെ മാസ്ക് വച്ച് കാണാൻ കഴിഞ്ഞില്ല. രോഗത്തെ തീർത്തും നിസാരവൽകരിക്കുന്ന കാഴ്ച. നാളെ ടൂറിസം ഭൂപടത്തിൽ ഈ മനോഹര ഭൂമി വരണമെങ്കിൽ എത്ര ദൂരം ഇനിയും പോകേണ്ടിയിരിക്കുന്നു. മനോഭാവം പാടേ മാറേണ്ടിയിരിക്കുന്നു.

family

silhoutte

ഇനിയും ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല എന്ന അഖിലേഷിന്റെ അഭിപ്രായം പൂർണമായി അംഗീകരിച്ച് ഞങ്ങൾ തിരികെ യാത്രയായി.