മൺറോ തുരുത്തിൽ ഒരു പകൽ
2020-08-02
കൊല്ലം ജില്ലയുടെ തെക്കേയറ്റത്തു അഷ്ടമുടിക്കായലിന്റെ ഓരത്തുള്ള ഒരു തുരുത്താണ് മൺറോ തുരുത്ത്. ഒരു പക്ഷെ വർഷങ്ങളായി അവിടെ പോകണം , ചുരുങ്ങിയത് ഒരു പകൽ ചെലവഴിക്കണം എന്നത് ഒരാഗ്രഹമായി തുടർന്നു . കാര്യവട്ടം ക്യാമ്പസ്സിൽ ഒരു ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒടുവിൽ ആ അവസരം ഒത്തുവന്നത് . അവിടെ പ്രോജക്ടിന്റെ ഭാഗമായി ഒരു ഫീൽഡ് സർവെയ്‌ക്കു പോകേണ്ടത് ആവശ്യവുമായിരുന്നു.
ഞങ്ങൾ നാലുപേർ ചേർന്നാണ് യാത്ര പോയത്. ഇതിൽ കൊല്ലംകാരിയായ ശരണ്യ മാത്രമായിരുന്നു ഏക സ്ത്രീ സാന്നിദ്ധ്യം. ബാക്കിയുള്ളവർ തിരുവന്തപുരത്തുകാരായ ഞാനും സാഹിബും ആദർശും. തലേദിനം തീരുമാനിച്ച യാത്ര ആയതിനാൽ വിശദമായ ഒരു യാത്ര പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും വരുന്നത് വരുന്നിടത്തു വച്ച് കാണാം എന്ന മട്ടിൽ തന്നെയാണ് പുറപ്പെട്ടത്. കാലത്തേ തന്നെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ മൂവരും എത്തി. റെയിൽവേ സമയം പാലിച്ചതിനാൽ കൊല്ലം സ്റ്റേഷനിൽ സമയത്തിന് എത്തുകയും ചെയ്തു. അവിടെ നിന്ന് നാൽവർ സംഘം രൂപീകരിക്കുകയും ,രാവിലെ 9:30 പുറപ്പെടുന്ന ട്രെയിൻ പിടിക്കുകയും ചെയ്തു.
ട്രെയിനിൽ വളരെ കുറച്ചു യാത്രക്കാർ മാത്രം. അവിടെ നിന്നും അധിക ദൂരം ഇല്ല ലക്ഷ്യത്തിലേക്ക് , വെറും 20 കി .മി മാത്രം . വൈകാതെ ട്രെയിൻ ഞങ്ങളുടെ സ്റ്റേഷനിൽ എത്തി. പുറത്തു പാലം മാറ്റലും മറ്റുമുള്ള പണി നടക്കുന്നുണ്ട് . മൺറോ തീർത്തും വിജനമായ ഒരു പ്രദേശമായിട്ടാണ് അനുഭവപ്പെട്ടത്. ഒരുപക്ഷെ റെയിൽവേ ജീവനക്കാരില്ലെങ്കിൽ ഈ സ്ഥലം ഉള്ളതാണോ എന്നുകൂടി സംശയിച്ചേനെ. സമയം പത്താകുന്നതേ ഉള്ളു, നല്ല വെയിൽ. റെയിൽവേ സ്റ്റേഷന് സ്വന്തമായി ഒരു ചെറിയ കെട്ടിടം മാത്രമേ ഉള്ളു. അതിൽ ചെറിയൊരു ഭാഗത്തിൽ യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ ഇരിക്കാനുള്ള സ്ഥലം ഉണ്ട്. ഉടനെ തന്നെ എതിർ വശത്തു ഒരു തീവണ്ടി വരികയും കഷ്ടിച്ച് ഒരു യാത്രക്കാരി കയറുകയും ചെയ്തു. ഒരു പത്തുമിനുട്ടിൽ അവിടുള്ള ഒരു ചിത്രം കിട്ടി. ഞങ്ങൾ ആ സ്റ്റേഷനോട് യാത്രപറഞ്ഞു പുറത്തേക്ക് നടന്നു.
ഒരു ചായക്കട മുന്നിലുണ്ട്. അതിനോട് ചേർന്ന് റോഡിൽ ഒരു പ്രൈവറ്റ് ബസ് യാത്രക്കാരെ പ്രതീക്ഷിച്ചു നിൽപ്പുണ്ട്. കുണ്ടറ ഭാഗത്തേക്കുള്ള വണ്ടിയാണ്. ഓരോ അരമണിക്കൂറിലും സർവീസ് ഉണ്ട്. മറുവശത്തു ഓട്ടോ സ്റ്റാൻഡും ഉണ്ട്. “വള്ളം വേണോ? വേണമെങ്കിൽ പറഞ്ഞാൽ മതി കുറഞ്ഞ പൈസക്ക് ഞാൻ ഏർപ്പാടാക്കാം” എന്നായി ചായക്കടക്കാരി. ബിസ്സിനെസ്സ് ആശയം നല്ലതു തന്നെ. ഉച്ചക്കുശേഷം ആവാം എന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ട് പോയി.
ഈ തുരുത്തിനു 13.4 ച.മീ ആണ് വിസ്തീർണം. അതിൽ പടിഞ്ഞാറുഭാഗം കുറെ ഒക്കെ കായൽ കവർന്നിരുന്നു. മാപ് നോക്കി ഞങ്ങൾ ആ ഭാഗത്തേക്ക് നടന്നു. ഈ തകർന്ന ഭാഗം ട്രെയിനിൽ ഇരുന്നാൽ തന്നെ കാണുകയും ചെയ്യാം. ഞങ്ങൾ റെയിൽ പാത മുറിച്ചു കടന്നു മറ്റേ ഭാഗത്തേക്ക് പോയി. ആ ഭാഗങ്ങളിലെ ചിത്രങ്ങളും, gps coordinates ഉം രേഖപെടുത്തണമായിരുന്നു. സത്യം പറഞ്ഞാൽ കാറ്റ് കൂടിയില്ല, നല്ല വെയിൽ, ഒരു ഉപ്പുരസമാണ് അന്തരീക്ഷത്തിനു. കണ്ടൽ ചെടികൾ തഴച്ചു വളരുന്നുണ്ട്. പല വീടുകളിലും വെള്ളം കയറുകയും അവ നിലം പൊത്താറായി നിൽക്കുകയും ചെയ്യുന്നു. നല്ലൊരു ശതമാനം വീടുകളും ഉപേക്ഷിക്കപ്പെട്ടിരിക്കയാണ്. ലോകത്തു എവിടെയാണ് ഒരു ദുരന്ത ഭൂമിയിൽ ആളുകൾ തുടരാനാഗ്രഹിക്കുക? വളരെ ഒറ്റപ്പെട്ട സ്ഥലം, വേലിയേറ്റം കൂടിയാകുമ്പോൾ ഉപ്പുവെള്ളത്തിന്റെ ഭീകരത്വം ഊഹിക്കാമല്ലോ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെടുത്തെങ്കിലും അൽപ്പം ഉയർന്ന പ്രദേശങ്ങളിൽ ആൾ താമസം ഉണ്ട്. അവിടെ ഉപജീവനത്തിനായി കന്നുകാലി പരിപാലനവും ഉണ്ട്.വളരെ ഗ്രാമീണമായ കാഴ്ചകൾ തന്നെ. ഒരു ഒന്നരമണിക്കൂർ തലങ്ങും വിലങ്ങും ഡാറ്റ ശേഖരണവും പ്രകൃതിയുടെ രൗദ്രഭാവവും ഒക്കെ നടന്നു കണ്ടു ക്ഷീണിച്ചിരിക്കുന്നു.
ആർദ്രത വളരെ ഉയർന്ന ഭാഗമാണിവിടം. സൂര്യൻ ഉച്ചസ്ഥായിലാണിപ്പോൾ. എല്ലാവരും തളർന്നു. വന്ന സമയത്തെക്കുറിച്ചു പരസ്പരം ആകുലതകൾ പങ്കുവെച്ചു. തിരിച്ചു റെയിൽവേ പരിസരത്തു വന്നു ഭക്ഷണം കഴിച്ചതിനു ശേഷം ബാക്കി തീരുമാനിക്കാം എന്നായി. തിരിച്ചുള്ള നടത്തത്തിൽ ഒരു തകർന്ന കടവും വള്ളവും ഞങ്ങൾ കണ്ടു. അതിന്റെ പരിസരത്തിൽ ഉള്ള ഒരു തകർന്നു വീഴാറായ വീട്ടിൽ ഒരു വൃദ്ധ ദമ്പതികളെ കണ്ടു. അവരുടെ ഇവിടുത്തെ കാര്യങ്ങളെ പറ്റി തിരക്കിയപ്പോൾ മനസിലായത് കയ്യിൽ പണമുള്ളവർ മറ്റു സ്ഥലങ്ങളിൽ മാറി എന്നതാണ്. അല്ലാത്തവർ അവരുടെ കാലം പ്രകൃതിയോട് മല്ലടിച്ചങ്ങനെ മുന്നോട്ടു. മനസിലെ മൺറോ ഇങ്ങനെ അല്ലായിരുന്നു, തീർച്ച.
തിരിച്ചു ആ റെയിൽവേ പരിസരത്തു എത്തി ഉച്ചഭക്ഷണത്തിനുള്ള അന്വേഷണം തുടങ്ങി. ഒരു ഹോട്ടൽ ഉള്ളത് രണ്ടു കി.മി. മാറി ഉണ്ട്. വിശപ്പിന്റെയും വെയിലിന്റെയും കാഠിന്യം കാരണം നടത്തം ഉപേക്ഷിച്ചു ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു. ഈ ഹോട്ടൽ കായലിന്റെ തീരത്തു തന്നെയാണ്. റേഡിയോയിൽ രവീന്ദ്ര സംഗീതം, നല്ലൊരു ഊണ്. നേരം ഒരുമണി ആകുന്നതേയുള്ളു ഊണും പാസാക്കി ഞങ്ങൾ കായലിന്റെ തീരത്തുള്ള ഷെഡിൽ നല്ല കാറ്റും കൊണ്ടിരുന്നു. ആഹാ ! എന്തൊരുന്മേഷം. അപ്പോഴുണ്ട് ഒരു മധ്യവയസ്‌കൻ അവിടെയെത്തി, വള്ളം തന്നെയാണ് വിഷയം. അപ്പോഴും വള്ളത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല. വെയിൽ കുറയാതെ വള്ളം നല്ലൊരു തീരുമാനവും അല്ല. കുശലം പറയുന്നതിനിടയിൽ പുള്ളിക്കാരൻ ഇപ്പൊ ഇത് ഓഫ് സീസൺ ആണെന്നും അല്ലേൽ ഇവിടേം നല്ല തിരക്കായിരിക്കും എന്നും പറയുകയുണ്ടായി. മറ്റൊരു രസകരമായ കാര്യം രണ്ടാഴ്ച കഴിഞ്ഞു കേരള ബോട്ട് ചാമ്പ്യൻസ് ലീഗ് ഇവിടെ നടക്കുന്നുണ്ട്. കഥകളൊക്കെ കേട്ടിരുന്നെങ്കിലും ഞങ്ങൾ വള്ളത്തിനു മാത്രം സമ്മതം മൂളിയില്ല. സമയം ഉണ്ടായിരുന്നത് കൊണ്ട് ആ പാതയിൽ അലക്ഷ്യമായി നടന്നു. ഒരു കടവിൽ കുറച്ചു ഐസ് ക്രീമും വാങ്ങി കുറച്ചു ഫോട്ടോയും പിടിച്ചു ഞങ്ങൾ അവിടിരുന്നു. പിന്നെ മൂന്നു മണി ആയെപ്പോഴേക്കും വഴിയോര കാഴ്ചകൾ കണ്ടു റെയിൽവേ സ്റ്റേഷൻ ലക്ഷ്യമായി നടന്നു.
അപ്പോഴാണ് നമ്മുടെ ചായക്കടക്കാരി ചേച്ചിയുടെ വള്ളം ഓഫർ വീണ്ടും വന്നത്. കേട്ടപ്പോൾ കുറേക്കൂടി ഭേദമായ ഒന്നാണ് ഇതെന്ന് തോന്നി. ഞങ്ങൾ സമ്മതം മൂളിയപ്പോൾ അവർ ആരെയൊക്കെയോ വിളിച്ചു ഒരു ഓട്ടോ വന്നു പിക്ക് അപ്പ് ചെയ്യുമെന്ന് പറഞ്ഞു. കുറച്ച നേരം നിന്നപ്പോൾ ഒരു ഓട്ടോ ചേട്ടൻ വന്നു ഞങ്ങളെ വള്ളത്തിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ കൊണ്ടെത്തിച്ചു. ഇവരുടെ പരിപാടി നല്ലതു തന്നെ. ഒരു യാത്രയിൽ തന്നെ പലരും ജീവിതമാർഗം കണ്ടെത്തുന്നു.
യാത്ര ആരംഭിക്കുകയായി. നമ്മുടെ വള്ളക്കാരനു ഒരു അറുപതു വയസ്സ് കാണും. ഞങ്ങൾ ഇപ്പോൾ ഇരിക്കുന്ന വള്ളം കൂടാതെ വേറെ മൂന്നു വള്ളങ്ങൾ ഇദ്ദേഹത്തിനുണ്ട്. ഇവിടെ പലർക്കും ഈ ബിസ്സിനെസ്സ് ഉണ്ട്. സീസൺ ആകുമ്പോൾ തലങ്ങും വിലങ്ങും വള്ളങ്ങൾ ആയിരിക്കും. രണ്ടു മണിക്കൂറാണ് സമയം. തുരുത്ത് ഒന്ന് ചുറ്റി വരും എന്നാണ് ആശാന്റെ ഓഫർ. വള്ളത്തിൽ കയറി യാത്ര തുടങ്ങിയപ്പോഴേക്കും എല്ലാരും ഉഷാറായി. ക്ഷീണമൊക്കെ പമ്പ കടന്നിരിക്കുന്നു. ഞങ്ങളുടെ വള്ളക്കാരൻ ഗൗരവ ഭാവത്തിൽ തന്നെ. വള്ളം ഇടുങ്ങിയ ഇടനാഴികളിലൂടെ ഞങ്ങളെ കൊണ്ടുപോവുകയാണ്. തല തട്ടാൻ പാകത്തിൽ കുറുകെ നടപ്പാലങ്ങൾ. ചിലയിടങ്ങളിൽ തല കുനിച്ചേ മതിയാകു. ചുറ്റിലും നാടൻ കാഴ്ചകൾ. പല ജീവിതങ്ങൾ, പ്രകൃതിയുടെ നിഴലാട്ടങ്ങൾ, നാടിന്റെ സ്പന്ദനമായ ചായക്കടകൾ, സീസണിൽ വിദേശിയരെയും തദ്ദേശീയരെയും കാത്തുകിടക്കുന്ന വള്ളങ്ങൾ അങ്ങനെ അങ്ങനെ . നമ്മുടെ വള്ളം ചില സ്ഥലങ്ങളിൽ ഇടവഴികൾ ഒക്കെ താണ്ടി സാഹസികമായി മുന്നോട്ട് തന്നെ. ഒരു നിത്യാഭ്യാസിയുടെ മെയ് വഴക്കത്തോടെ ആശാൻ തുഴഞ്ഞു മുന്നേറി.
പറയത്തക്ക ആഴം ഇല്ല ഈ ജലപാതയ്ക്ക്. നീരൊഴുക്ക് കുറവ് തന്നെ. ഒരാൾ പൊക്കം ആഴമേ ഏറിയാൽ കാണു . ആവേശം കൊണ്ട് വള്ളത്തിലുള്ള തുഴകൾ എടുത്ത് ഞങ്ങളും കൂടെ തുഴഞ്ഞു . ഇടവഴികൾ താണ്ടി കണ്ടൽ പ്രദേശം എത്തുകയായി. വീടുകളും ആളുകളുടെ കാല്പെരുമാറ്റവും ഒഴിഞ്ഞിരിക്കുന്നു . നിശബ്ദമായി ഓളപ്പരപ്പിനെ വെട്ടി പതിയെ നമ്മൾ ഒരു മായാലോകത് എത്തുകയാണ് എന്ന് തോന്നി . അല്പം കഴിഞ്ഞു കണ്ടു തുടങ്ങിയത് ശരിക്കും മായകാഴ്ചകൾ തന്നെ. കണ്ടൽ കാടുകളുടെ നിഗൂഢത മറനീക്കി ഒരു തുറന്ന മൈതാനം പോലെ കണ്ണെത്താ ദൂരം അലയൊലികൾ ഒന്നും ഇല്ലാതെ ജലം ഇങ്ങനെ കിടക്കുന്നു. കണ്ടാലൊരു ഒരു കടലിന്റെ ഒത്ത നടുക്ക് എത്തപ്പെട്ട അവസ്ഥ. ഇങ്ങനൊരു അത്ഭുതം ആരും പ്രതീക്ഷിച്ചതല്ല.
ലോകത്തു തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക നാഷണൽ ജോഗ്രഫി തയ്യാറാക്കിയപ്പോൾ അതിൽ ഇടംപിടിക്കാൻ ഈ തുരുത്തിനായി. വളരെ ആഴം തോന്നുന്ന ഒരു പ്രദേശം ആണ് ഇതെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഒരു ചിരിയോടെ ആണ് വള്ളക്കാരൻ അതിനു മറുപടി നൽകിയത്. പുള്ളിക്കാരൻ രണ്ടു ദിവസം മുൻപും കുളിക്കാൻ വന്നത്രെ! അരയോളം താഴ്ചയെ ഇവിടുള്ളൂ. അതിശയം തന്നെ ജലത്തിന്റെ നിറവും പരന്ന ഓളപ്പരപ്പും ഇവിടം ഒരു എക്സോട്ടിക് ലൊക്കേഷൻ ആയി മാറ്റുന്നു. കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ തുരുത്തിന്റെ അതിരായ അഷ്ടമുടിയെയും കാണാം. കർഷകർ ഇവിടെ അങ്ങിങ്ങായി വലവിരിച്ചിട്ടുണ്ട്. സൂര്യ ഭഗവാൻ അസ്തമനത്തിനുള്ള പുറപ്പാടിലാണ്. വള്ളം ഇപ്പോൾ മൺറോയുടെ സൗന്ദര്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കണ്ടൽകൂട്ടത്തിലൂടെയാണ് യാത്ര. ഒരു വില്ലു കണക്കെ ഇങ്ങനെ വളഞ്ഞു നിൽക്കുകയാണ് ആ സുന്ദരി. ഞങ്ങളുടെ യാത്രയുടെ ഏറ്റവും ആകർഷകമായ നിമിഷവും ഇത് തന്നെ ആയിരുന്നു.
വള്ളം തിരിച്ചു യാഥാർഥ്യത്തിലേക്ക് തിരികെ പോവുകയാണ്. തിരികെ പോകുന്ന വഴിയിൽ അപൂർവമായി രണ്ടു വൈദേശികരെ മറ്റൊരു വള്ളത്തിൽ കണ്ടു. ഒപ്പം മനോഹരമായ അസ്തമനവും. കയർ വിരിച്ച ഇടവഴികളും കുളങ്ങളും ഞങ്ങൾ പിന്നിട്ടു. മഴക്കാലം ഇവർക്ക് ദുരിതകാലം തന്നെ ആയിരിക്കും. ടൂറിസം ആണ് ഇവരുടെ പ്രധാന വരുമാന മാർഗം. ഭാഗ്യവശാൽ കായൽ കയ്യേറി അവിടെ അംബര ചുംബികൾ ഒന്നും കണ്ടില്ല (ഞങ്ങൾ പോകാത്ത ഇടങ്ങളിൽ ഉണ്ടോ എന്നറിയില്ല). കഴിഞ്ഞ നിമിഷത്തിലെ അനുഭൂതികളും യാത്ര അവസാനിക്കുന്നതിലെ ദുഃഖവും എല്ലാപേരിലും കാണാൻ കഴിയുന്നുണ്ട്. വള്ളത്തിൽ ഇരിക്കുമ്പോൾ തലമുട്ടുന്നത്ര ഉയരത്തിൽ ഉള്ള പാലങ്ങൾ താണ്ടി ഞങ്ങൾ തുടങ്ങിയ കടവിൽ തിരിച്ചെത്തി. നേരം സന്ധ്യ ആയിരിക്കുന്നു. ഞങ്ങൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.ഇനിയുമേറെ കാഴ്ചകൾ കാണാൻ ഉണ്ട് പക്ഷെ സമയം അതനുവദിക്കുന്നില്ല. പോകാൻ മനസില്ലെങ്കിലും പോകാതെ വയ്യല്ലോ. പത്തു മിനുട്ട് വൈകി എത്തിയ മെമു ട്രെയിനിൽ ഇരിക്കുമ്പോൾ എത്ര പെട്ടന്നാണ് മൺറോയിൽ ഒരു ദിനം കഴിഞ്ഞതെന്ന് സാഹിബിന്റെ ചോദ്യത്തിന് നിറമുള്ള പുഞ്ചിരികളായിരുന്നു മറുപടി.