പൊടിതട്ടിയെടുത്ത ഒരു സ്കൂൾ ഗ്രൂപ്പ് ഫോട്ടോ
Arun Gopinath / 2020-03-28
പുറത്ത് പൊടിപ്പിടിച്ച് കിടന്ന പുസ്തക കൂട്ടം ഒക്കെ നേരെയാക്കാം എന്ന് കരുതിയാണ് രാവിലെ ഒരു തൂവാലയും എടുത്തു മുഖം മറച്ചു ഇറങ്ങിത്തിരിച്ചത്. മൊത്തം പഴയ പുസ്തകങ്ങൾ, ആവശ്യം ഒട്ടുമില്ലാത്ത കുറെ പേപ്പർ കൂമ്പാരം ഒക്കെ പൊടിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലും. അങ്ങനെ അതിനെ ഒരു വഴിക്കാക്കി വന്നപ്പോഴാണ് ദേ കിടന്നുന്നു പഴയ ഒരു സ്കൂൾ ഗ്രൂപ്പ് ഫോട്ടോ. ആദ്യമേ സൂചിപ്പിച്ചതു പോലെ തന്നെ ഏഴാം ക്ലാസ്സിലെ ഒരേയൊരു തിരുശേഷിപ്പായിരുന്നു ആത് . മാരായമുട്ടം സ്കൂളിലെ ആ പഴയ കാലം ഒർമവന്നു. ഞങ്ങളുടെ ക്ലാസ്സിന്റെ ചുമതല ബിജു സാറിനായിരുന്നു. അദ്ദേഹം അതെ സ്കൂളിൽ തന്നെയാണ് ഇപ്പോഴും. മികച്ച ഒരു ശാസ്ത്ര അധ്യാപകൻ എന്നതിലുപരി കുട്ടികളോട് ഒരു അധ്യാപകൻ എങ്ങനെ ആകണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം തന്നെയാണ് ബിജു സാർ. നിർഭാഗ്യവശാൽ എല്ലാപേരും ഈ ഫോട്ടോയിൽ ഇല്ല . അന്നൊക്കെ തലേന്ന് പറയും നാളെ ഫോട്ടോ എടുക്കും എല്ലാരും നല്ല വേഷത്തിൽ വരണം എന്നൊക്കെ പക്ഷേ കൃത്യമായി എടുക്കും എന്നു ഒരു ഉറപ്പുമില്ല. അങ്ങനെ അപ്രതീക്ഷിതമായി ഫോട്ടോഗ്രാഫർ വരുമ്പോൾ പുള്ളിയുടെ സൌകര്യത്തിനു പിള്ളേരും കാണണം എന്നില്ലാല്ലോ.
പലരുടെയും മുഖം കാണുമ്പോഴേ ചിരി വരും (എന്റെത് പിന്നെ പറയേം വേണ്ട ). പക്ഷേ അസ്തിത്വം പോലെ ഒരു രൂപം ഓരോ മനുഷ്യനും ഉണ്ട് അതിൽ ഒരു മാറ്റവും വന്നിട്ടില്ല. പക്ഷേ ഫോട്ടോയുടെ സൌന്ദര്യം ചിതലിന് അത്ര ദഹിച്ചിട്ടില്ലയിരുന്നു . നിരന്തരമായ ആക്രമങ്ങൾ നടന്ന ലക്ഷണങ്ങൾ ഫോട്ടോയിൽ ബാക്കിയായിട്ടാണു എനിക്ക് ലഭിച്ചിരിക്കുന്നത് . കിട്ടായതേ ഭാഗ്യം !!!.ഞാൻ ഉടനെ തന്നെ അത് ഡിജിറ്റൽ ആക്കിമാറ്റി. ഈ പടത്തിലെ ഉയരക്കാരൻ കൂടിയായ അഖിലേഷിനെ ഞാൻ വിളിച്ചു അവന്റെ കയ്യിൽ ഇതിന്റെ കോപ്പിയുണ്ടോ എന്ന് തിരക്കി. അത്യാവശ്യം നല്ല പ്രിന്റ് ആണ് എന്റെ കയ്യിൽ ഉള്ളതെന്ന് അവന് ഒരു സൂചനയും ഞാൻ നൽകിയിട്ടില്ല (കണ്ടാൽ അതിൽ ഉള്ളോർക്കു മനസിലാകും അത്രയേ ഉള്ളൂ quality). കിട്ടിയാൽ വിളിക്കാം എന്നാണ് പറഞ്ഞിരുന്നത് പക്ഷേ വിളി വന്നില്ല.
U.P കാലം കഴിഞ്ഞ് ഈ ഫോട്ടോയിലെ സന്ദീപ് എന്നൊരു കൂട്ടുകാരനെ ഞാൻ പിന്നെ കണ്ടിട്ടില്ല . നല്ലപോലെ വരക്കുന്ന മിടുക്കനായിരുന്നു. അവനിപ്പോൾ എന്തു ചെയ്യുകയായിരിക്കും ? മുൻപ് ഫേസ്‍ബുക്കിൽ നോക്കിയിരുന്നു പക്ഷേ കണ്ടെത്താനായില്ല. ആർക്കും ഒരു വിവരവും ഇല്ലതന്നെ.
ഒരു രൂപക്ക് പത്ത് പൈസയുടെ പത്ത് മിഠായി കിട്ടിയിരുന്ന ആ മനോഹര കാലം തന്നെയായിരുന്നു ഇന്നത്തെ വിശേഷം. കളങ്കം ഇല്ലാത്ത മനസ്സും ആദിയില്ലാത്ത ജീവിതവും . അതൊക്കെ ഒരു കാലം !